Dr. Dinesh Mungath Logo
Home / Blogs / ആരും പറയാത്ത ഒരു ജീവിതസത്യം

ആരും പറയാത്ത ഒരു ജീവിതസത്യം

Dr.Dinesh Mungath March 19, 2026

നമ്മുടെ വീടുകളിൽ  ഒരു നിശബ്ദ യുദ്ധം നടക്കുന്നു.

അത് ആരും കാണുന്നില്ല, ആരും സംസാരിക്കുന്നില്ല.
പക്ഷേ അത് ദിവസവും നടക്കുകയാണ്. ഈ യുദ്ധം നടക്കുന്നത് വീടിന്റെ പുറത്തല്ല, അവന്റെ ഉള്ളിലാണ്. പ്രത്യേകിച്ച് ജീവിതത്തിന്റെ പാതിവഴി പിന്നിട്ടു 40-കളിലേക്ക് കടക്കുന്ന പുരുഷന്മാരുടെ മനസ്സിലാണ് ഈ യുദ്ധം കൂടുതൽ ശക്തമായി നടക്കുന്നത്. പുറമേ നിന്ന് നോക്കുമ്പോൾ അവർ ജീവിതത്തിൽ സ്ഥിരത നേടിയവരാണ്. ജോലി, കുടുംബം,സാമൂഹിക സ്ഥാനം എല്ലാം അവർക്കുണ്ട്. എന്നാൽ അവരുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന സമ്മർദ്ദങ്ങൾ, ചിന്തകൾ, ആശങ്കകൾ എന്നിവ പലപ്പോഴും ആരും തിരിച്ചറിയാറില്ല.

ഒരു പുരുഷൻ 40 വയസ്സിലേക്ക് കടക്കുമ്പോൾ ജീവിതത്തെ കാണുന്ന അവന്റെ കാഴ്ചപ്പാടിൽ  വലിയ മാറ്റം വരുന്നു.

20-കളിൽ ജീവിതം ഒരു സ്വപ്നമായിരുന്നു. 

30-കളിൽ അത് ഒരു പോരാട്ടമായി മാറി. 

എന്നാൽ 40-കളിൽ എത്തുമ്പോൾ അത് പലപ്പോഴും ഒരു വലിയ ഉത്തരവാദിത്വത്തിന്റെ ഭാരമായി തോന്നുന്നു. കുടുംബം, ജോലി, സമൂഹം, സാമ്പത്തിക ബാധ്യതകൾ  ഈ എല്ലാം അവന്റെ ചുമലിൽ കൂടിക്കൂടി ചേരുമ്പോൾ അവൻ പലപ്പോഴും തന്റെ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കണ്ടെത്താറില്ല. അവൻ ജീവിക്കുന്നത് മറ്റുള്ളവർക്കായി തന്നെയാണെന്ന് തോന്നിത്തുടങ്ങുന്നു.

ഈ പ്രായത്തിൽ പല പുരുഷന്മാരും അനുഭവിക്കുന്ന ഒരു പ്രധാനമായ വികാരമാണ് “ഞാൻ വെറും ഒരു സാമ്പത്തിക സ്രോതസ്സാണോ?” എന്ന ചോദ്യം. 

മാസാവസാനം ശമ്പളം അക്കൗണ്ടിൽ എത്തുന്ന നിമിഷം തന്നെ അത് പല ഭാഗങ്ങളിലേക്ക് വിഭജിക്കപ്പെടുന്നു. 

ബാങ്ക് വായ്പകൾ, കുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുചെലവുകൾ, ആരോഗ്യചെലവുകൾ എല്ലാം  കാത്തിരിക്കുന്നു. ഈ എല്ലാറ്റിനിടയിൽ അവന്റെ സ്വന്തം ആവശ്യങ്ങൾ എന്താണെന്ന് ചിന്തിക്കാൻ പോലും അവന് സമയം ലഭിക്കാറില്ല. പലപ്പോഴും അവന്റെ ജീവിതം ഒരു “ATM മെഷീൻ” പോലെ പ്രവർത്തിക്കുന്നതുപോലെ തോന്നിത്തുടങ്ങും. ഈ ചിന്തകൾ പതിയെ അവന്റെ ആത്മവിശ്വാസത്തെയും സന്തോഷത്തെയും ബാധിക്കുന്നു.

ഈ ഘട്ടത്തിൽ കുടുംബബന്ധങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്നു. കുട്ടികൾ വളരുമ്പോൾ അവരുടെ ലോകം മാറുന്നു. സുഹൃത്തുക്കൾ, പഠനം, ഭാവി ഇവയാണ് അവരുടെ പ്രധാന ചിന്തകൾ. ഭാര്യ പലപ്പോഴും വീട്ടുചുമതലകളിലും കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിലും മുഴുകിയിരിക്കും. മറുവശത്ത് പ്രായമായ മാതാപിതാക്കൾ അവരുടെ ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയാണ്. ഈ എല്ലാം നടുവിൽ നിൽക്കുന്ന പുരുഷൻ പലപ്പോഴും ഒരു വലിയ ഏകാന്തത അനുഭവിക്കുന്നു. “എന്റെ ഈ ക്ഷീണം ആരെങ്കിലും കാണുന്നുണ്ടോ?” എന്ന ചോദ്യം അവന്റെ ഉള്ളിൽ പതിയെ വളരുന്നു.

40-കളിലെ മറ്റൊരു പ്രധാനമായ മാനസികാവസ്ഥയാണ് സമയത്തെക്കുറിച്ചുള്ള ബോധം. യുവാവായിരിക്കുമ്പോൾ സമയം അനന്തമാണെന്ന് നമ്മൾ കരുതുന്നു. പക്ഷേ 40-കളിലേക്ക് കടക്കുമ്പോൾ സമയം പരിമിതമാണെന്ന് ആദ്യമായി മനസ്സിലാകുന്നു. ഒരു സുഹൃത്തിന്റെ അപ്രതീക്ഷിത മരണമോ ആരോഗ്യപ്രശ്നമോ ഈ ബോധം കൂടുതൽ ശക്തമാക്കും. അതുവരെ അജയനാണെന്ന് കരുതിയിരുന്ന സ്വന്തം ശരീരവും ഒരുദിവസം ക്ഷീണിക്കും എന്ന സത്യം ഈ പ്രായത്തിലാണ് കൂടുതൽ വ്യക്തമായി അനുഭവപ്പെടുന്നത്. കണ്ണാടിയിൽ കാണുന്ന നരച്ച മുടിയും താടിയും വെറും പ്രായത്തിന്റെ അടയാളമല്ല; അത് സമയം കടന്നുപോകുന്നുവെന്ന ഒരു ഓർമ്മപ്പെടുത്തലാണ്.

ഈ പ്രായത്തിൽ പല പുരുഷന്മാരും അവരുടെ പഴയ സ്വപ്നങ്ങളെ ഓർത്തെടുക്കുന്നു. ഒരിക്കൽ ലോകം കാണണം എന്ന് ആഗ്രഹിച്ചവരാണ് അവർ. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം, നല്ല ജീവിതം കെട്ടിപ്പടുക്കണം  എന്നായിരുന്നു അവന്റെ സ്വപ്നങ്ങൾ. എന്നാൽ ഉത്തരവാദിത്വങ്ങളുടെ തിരക്കിൽ പല സ്വപ്നങ്ങളും വഴിമധ്യേ നിർത്തേണ്ടി വരുന്നു . ഇന്ന് കണ്ണാടിയിൽ കാണുന്ന മനുഷ്യനെ നോക്കി പലപ്പോഴും അത്ഭുതപ്പെടും  “ഞാൻ തന്നെയാണോ?” ഒരിക്കൽ ചിരിച്ചും പാടിയും നടന്ന ആ ചെറുപ്പക്കാരൻ എവിടെയോ മറഞ്ഞുപോയതായി തോന്നും.

സമൂഹം പുരുഷന്മാർക്ക് നൽകിയിരിക്കുന്ന ഒരു വലിയ പ്രതീക്ഷയും ഈ പ്രായത്തിൽ വലിയ സമ്മർദ്ദമായി മാറുന്നു. പുരുഷൻ ശക്തനായിരിക്കണം, അവൻ തളരാൻ പാടില്ല, അവൻ കരയാൻ പാടില്ല  ഈ കാര്യങ്ങൾ സമൂഹത്തിൽ ശക്തമായി പതിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ പല പുരുഷന്മാരും അവരുടെ വികാരങ്ങൾ പുറത്തുപറയാതെ അടിച്ചമർത്തി വെക്കുന്നു. ജോലി സംബന്ധമായ പ്രശ്നങ്ങളോ സാമ്പത്തിക സമ്മർദ്ദങ്ങളോ ഉള്ളിൽ കൊടുങ്കാറ്റായി വീശിയാലും പുറമേ അവർ സാധാരണയായി തന്നെ പെരുമാറും. ഈ അമർത്തിവെച്ച വികാരങ്ങൾ പലപ്പോഴും മാനസിക സമ്മർദ്ദത്തെയും ആരോഗ്യപ്രശ്നങ്ങളെയും വർദ്ധിപ്പിക്കുന്നതായി പല മന:ശാസ്ത്ര പഠനങ്ങളും സൂചിപ്പിക്കുന്നു.

മറ്റൊരു പ്രധാന കാര്യം താരതമ്യമാണ്. 

40-കളിൽ പല പുരുഷന്മാരും അവരുടെ ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ തുടങ്ങുന്നു. സുഹൃത്തുക്കൾ വലിയ വീടുകളിലും കാറുകളിലും ജീവിക്കുന്നത് കാണുമ്പോൾ “ഞാൻ വിജയിച്ചോ?” എന്ന സംശയം അവരെ അലട്ടും. സോഷ്യൽ മീഡിയ ഈ ചിന്തകളെ കൂടുതൽ ശക്തമാക്കുന്നു. മറ്റുള്ളവരുടെ വിജയങ്ങൾ മാത്രം കാണുന്ന ലോകത്ത് സ്വന്തം ജീവിതം ചെറിയതായിപ്പോയെന്ന തോന്നൽ പലരെയും വിഷമത്തിലാക്കുന്നു.

എന്നാൽ ഈ Mid Life Crisis ഒരു അവസാനമല്ല. മറിച്ച് അത് ഒരു പുതിയ ബോധത്തിന്റെ തുടക്കമാണ്. ഈ ഘട്ടത്തിൽ ഒരു മനുഷ്യൻ തന്റെ ജീവിതത്തെ വീണ്ടും വിലയിരുത്താൻ തുടങ്ങുന്നു. തന്റെ യഥാർത്ഥ ആഗ്രഹങ്ങൾ എന്താണെന്ന് ചിന്തിക്കുന്നു. ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം എങ്ങനെ കൂടുതൽ അർത്ഥവത്താക്കാമെന്ന് അന്വേഷിക്കുന്നു. പലർക്കും ഇത് ഒരു പുതിയ യാത്രയുടെ തുടക്കമാകുന്നു.

40-കളിൽ ഉള്ള പുരുഷന്മാർക്ക് ആവശ്യമായത് വലിയ ഉപദേശങ്ങൾ അല്ല. അവരുടെ കുറവുകൾ ചൂണ്ടിക്കാണിക്കുന്ന വിമർശനങ്ങളുമല്ല. അവർക്കാവശ്യമുള്ളത് വളരെ ലളിതമായ ഒരു കാര്യം മാത്രമാണ്  മനസ്സിലാക്കൽ. ആരെങ്കിലും അവരുടെ നിശബ്ദത കേൾക്കുക, അവരുടെ ക്ഷീണം തിരിച്ചറിയുക, “നീ ഒറ്റയ്ക്കല്ല” എന്ന് പറയുക. ഈ ചെറിയ അംഗീകാരം പോലും ഒരു മനുഷ്യന്റെ ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയും.

ഓരോ പുരുഷന്റെയും ഉള്ളിൽ ഇന്നും ഒരു കുട്ടി ജീവിക്കുന്നു. ആ കുട്ടിക്ക് വേണ്ടത് സ്നേഹവും അംഗീകാരവും മാത്രമാണ്. ആ കുട്ടിയെ കണ്ടെത്താനും അവനെ ചേർത്തുപിടിക്കാനും കഴിയുന്ന നിമിഷമാണ് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുനർജന്മം. ജീവിതത്തിന്റെ പകുതി കഴിഞ്ഞുവെന്ന് തോന്നുന്ന ഈ പ്രായത്തിൽ പോലും ഒരു പുതിയ തുടക്കം സാധ്യമാണ്. കാരണം ജീവിതം കണ്ടെത്തേണ്ടതല്ല;അത് സൃഷ്ടിക്കേണ്ടതാണ്.

#lifethoughts #MidlifeCrisis
#LifeAfter40
#MenMentalHealth
#MensLife
#MenAfter40
#MiddleAgeTruth
#RealLifeTruth
#KeralaMen
#KeralaLife
#MalayalamMotivation

 

 

My Site